ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്കിലാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അരുവാപ്പുലം, ഐരവണ്‍ എന്നീ വില്ലേജുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന അരുവാപ്പുലം പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 277.70 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് കലഞ്ഞൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് കോന്നി പഞ്ചായത്തും, കിഴക്കുഭാഗത്ത് പശ്ചിമഘട്ടവും, പടിഞ്ഞാറുഭാഗത്ത് കോന്നി, പ്രമാടം പഞ്ചായത്തുകളുമാണ്. അച്ചന്‍കോവിലാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ കിഴക്കുഭാഗം തമിഴ്നാട് അതിര്‍ത്തിയുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ ഉണ്ടായിരുന്ന തമിഴുബന്ധം അരുവാപ്പുലം എന്ന പേരിലും നിഴലിച്ചുകാണാം. അരുമൈ എന്ന തമിഴുവാക്കിന് മനോഹരം എന്ന അര്‍ത്ഥമുണ്ട്. പുലം എന്നതിന് കൃഷിസ്ഥലം എന്നുമാണ് അര്‍ത്ഥം. അരുമൈപ്പുലം അല്ലെങ്കില്‍ മനോഹരമായ കൃഷിസ്ഥലം എന്ന തമിഴുവാക്കാണ് അരുവാപ്പുലമായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. അരുവ എന്നാaല്‍ സത്ചരിതയായ കന്യക, കുലസ്ത്രീ എന്നൊക്കെ ദ്രാവിഡ തമിഴുഭാഷയില്‍ അര്‍ത്ഥമുണ്ട്. അതുകൊണ്ടുതന്നെ അരുവാപ്പുലം എന്നാല്‍ ഉത്തമകളായ കന്യകകളുടെ നാട് എന്നും വ്യാഖ്യാനിക്കാം. മലകളും, കുന്നുകളും ചെറിയ സമതലപ്രദേശങ്ങളുംകൊണ്ട് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് അരുവാപ്പുലം ഗ്രാമം. അച്ചന്‍കോവിലാറും നദിയിലേക്ക് ഒഴുകിയെത്തുന്ന നിരവധി തോടുകളും, കൈത്തോടുകളും, കുന്നിന്‍മുകളും, നിരപ്പുകളും, വയലുകളും, പാറക്കെട്ടുകളും എല്ലാംചേര്‍ന്ന അതിമനോഹരമായ ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിനുള്ളത്